മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

കായിക വകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് ധനകാര്യ വകുപ്പും ജിഎസ്ടി വകുപ്പും അന്വേഷണം നടത്തുന്നത്. ഇഡി പരിശോധന തുടങ്ങി
Fraude using Messi name
Jawaharlal Nehru Stadium, Kochi

Representative image

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ത്രിതല അന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നു. കായിക വകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് ധനകാര്യ വകുപ്പും ജിഎസ്ടി വകുപ്പും അന്വേഷണം നടത്തുന്നത്.

മുഖ്യമന്ത്രി വി.ഡി സതീശന്‍റെ അനുമതി ലഭിച്ചാലുടൻ ധനകാര്യ വകുപ്പിന്‍റെ പരിശോധന ആരംഭിക്കുമെന്നാണ് വിവരം. വിഷയത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് രേഖകൾ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. സ്‌പോണ്‍സര്‍ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ നടപടി. ഇടപാടുകളില്‍ വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോയെന്നാണ് പരിശോധന.

സംസ്ഥാന വിജിലൻസും അന്വേഷണത്തിന്‍റെ ഭാഗമാകും. മെസിയെ എത്തിക്കുന്നതിനുള്ള പദ്ധതിയിൽ വ്യക്തമായ ഉറപ്പുകളില്ലാതെ നടപടികൾ സ്വീകരിച്ചതും സ്പോൺസറെ തിരഞ്ഞെടുത്തതിലെ നടപടിക്രമങ്ങളും സ്റ്റേഡിയം കൈമാറിയതിലെ വീഴ്ചകളും പ്രാഥമിക പരിശോധനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സർക്കാർ അധീനതയിലുള്ള സ്റ്റേഡിയം സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട കരാർ നടപടികളും പരിശോധിക്കും. സ്പോൺസറായി സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതിന്‍റെ മാനദണ്ഡം, സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ, പദ്ധതിക്കായി ഫണ്ട് സമാഹരിച്ച രീതി എന്നിവയും അന്വേഷണ പരിധിയിൽ വരും. നികുതി വെട്ടിപ്പ്, വിദേശനാണയ ഇടപാടുകൾ, കള്ളപ്പണം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനാണ് സാധ്യത.

സ്റ്റേഡിയം കൈമാറ്റം, സ്പോൺസറെ കണ്ടെത്തിയ രീതി, ടെൻഡർ നടപടികൾ പാലിച്ചോയെന്നത്, ഫണ്ട് സ്വരൂപിച്ചതിലെ ക്രമക്കേടുകൾ എന്നിവ വിജിലൻസ് പരിശോധിച്ചേക്കും. ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ പരിശോധനയ്ക്ക് സാധ്യത.കായിക വകുപ്പ്, ജിഎസ്ടി, ധനകാര്യ വകുപ്പ് എന്നിവയുടെ റിപ്പോർട്ടുകൾ ലഭിച്ചശേഷം സമഗ്ര അന്വേഷണം പ്രഖ്യാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അന്വേഷണത്തിന്‍റെ പരിധി നിശ്ചയിക്കുന്നതിനുള്ള ടേംസ് ഓഫ് റെഫറൻസ് തയാറാക്കിവരികയാണ്.

ഫണ്ട് സമാഹരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. മെസിയെ എത്തിക്കുന്നതിനായി എഎഫ്ഐയുമായി ബന്ധപ്പെട്ട് മൂന്ന് കരാറുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ കരാറുകളുടെ പകർപ്പുകളും പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും നടപടിക്രമങ്ങളും അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിക്കും.പ്രാഥമിക പരിശോധനയിൽ തന്നെ നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ വിപുലമാകാനാണ് സാധ്യത. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം, മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കുന്നതിനെന്ന പേരിൽ 126 കോടി രൂപ യുഎസ് ഏജൻസിക്കു കൈമാറിയത് 2025 ജൂൺ, ഒക്ടോബർ മാസങ്ങളിലായാണെന്ന് ജിഎസ്‌ടി ഇന്‍റലിജൻസ് കണ്ടെത്തിയിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ എസ്ബിഐ അക്കൗണ്ട് വഴിയാണു പണം കൈമാറിയത്. ജിഎസ്‌ടി തട്ടിപ്പുണ്ടായാൽ ജിഎസ്‌ടിയുടെ ഏതു യൂണിറ്റിലും അന്വേഷണം നടത്താം എന്നതിനാൽ കാഞ്ഞങ്ങാട് ജിഎസ്‌ടി ഇന്‍റലിജൻസ് ഓഫിസാണ് കേസ് അന്വേഷിച്ചത്.

മത്സരം നടന്നിട്ടില്ല എന്നു ചൂണ്ടിക്കാട്ടി അന്വേഷണം ഒഴിവാക്കാനായി കഴിഞ്ഞ ഇടതു സർക്കാരിന്‍റെ കാലത്ത് ഉന്നതതല ഇടപെടൽ ഉണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തെന്നുമടക്കം വിവരം പുറത്തുവന്നിട്ടുണ്ട്. അന്വഷണം വരുന്നതോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാകുമെന്ന നിലപാടിലാണ് സർക്കാർ.

logo
Metro Vaartha
www.metrovaartha.com