
കളമശേരി: അറിയപ്പെടുന്ന വിവരാവകാശ പ്രവർത്തകൻ ജി ഗിരീഷ് ബാബു (47) വീടിൻ്റ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം കാരുവള്ളി റോഡിൽ പുന്നക്കാടൻ വീട്ടിലെ കിടപ്പ് മുറിയിലാണ് തിങ്കൾ രാവിലെ മരിച്ച നിലയിൽ കണ്ടത്.
ഞായർ രാത്രി 11 ഓടെ വീടിൻ്റെ മുകളിലെ നിലയിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന ഗിരീഷ് ബാബു രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഭാര്യ അയൽക്കാരെ വിളിച്ചു വരുത്തുകയായിരുന്നു. അകത്ത് നിന്ന് കുറ്റിയിട്ടിരുന്ന വാതിൽ ചവിട്ടിപ്പൊളിച്ചാണ് തുറന്നത്. കളമശേരി പൊലീസെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. രാത്രി ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ചൊവ്വ രാവിലെ 10ന് കാക്കനാട് അത്താണി ശ്മശാനത്തിൽ.
ഏപ്രിലിൽ ഉണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗിരീഷ് ബാബുവിന് തലയിൽ മുഴ സ്ഥിരീകരിച്ചിരുന്നു. മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ ചെയ്യാനിരിക്കെയാണ് മരണം.
അച്ഛൻ: പരേതനായ ഗോപാലകൃഷ്ണൻ. അമ്മ : രത്നമ്മ. ഭാര്യ: ലത. മക്കൾ: അളകനന്ദ, അരുന്ധതി, ആദിത്യലക്ഷ്മി (മൂന്ന് പേരും തൃക്കാക്കര സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾ).