

ആലപ്പുഴ: സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ മത്സരിക്കുന്ന മുൻ മന്ത്രിയും മുതിർന്ന മുൻ സിപിഎം നേതാവുമായ ജി. സുധാകരൻ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചു. യുഡിഎഫിന്‍റെ അമ്പലപ്പുഴ ജനറൽ ബോഡി യോഗത്തിലായിരുന്നു വിമർശനം.
ഒരു ചാനൽ അഭിമുഖത്തിൽ "സുധാകരൻ ചെറ്റത്തരം കാണിച്ചു'' എന്നാണു പിണറായി പറഞ്ഞത്. അങ്ങനെ വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്നാൽ അടിസ്ഥാന വർഗത്തിന്‍റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് എന്നെ ചെറ്റ എന്ന് വിളിച്ചതു വഴി ചെയ്തത്.
18 വയസു വരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർഥഭേദങ്ങളറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമർശിക്കും, പക്ഷേ ചീത്ത പറയില്ല. അതെന്‍റെ ഗുരുത്വം. ചെറ്റ എന്നല്ല ഇനി "വറ്റ മത്സ്യം'' എന്ന് വിളിച്ചാലും ചീത്ത പറയില്ല. തനിക്ക് പാർലമെന്‍ററി വ്യാമോഹമാണ് എന്നു മുഖ്യമന്ത്രി പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി 9 തവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ. ആര് നിന്നാലും ജയിക്കും.
മരിക്കുന്നതു വരെ എകെജി പാർലമെന്‍റ് അംഗം ആയിരുന്നല്ലോ എന്നും സുധാകരൻ പറഞ്ഞു. സിപിഐയുടെ മന്ത്രി പി. പ്രസാദിന് ഗുരുത്വമില്ല. സിപിഐയിലെ ആരും എനിക്കെതിരെ പറഞ്ഞില്ല. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞില്ല. വെറും 6,000 വോട്ടിനാണ് പ്രസാദ് ജയിച്ചത്. അത് അയാൾ ഓർത്തില്ല. പ്രസാദിന്‍റെ വിജയം തുലാസിലാണ്. പ്രസാദിനെതിരേ ഒന്നും പറയാൻ ഉദ്ദേശിച്ചതല്ല. എല്ലാം ക്ഷണിച്ചു വരുത്തുകയാണ്. എനിക്കെതിരേ അയാൾ പറയേണ്ട കാര്യമില്ല.
എനിക്ക് പാർലമെന്‍ററി വ്യാമോഹമുണ്ടെന്നാണ് പറയുന്നത്. പിന്നെ അയാളെന്തിനാ വേറെ സ്ഥലത്തു നിന്നു വന്ന് വീണ്ടും വീണ്ടും മത്സരിക്കുന്നത്. ഇതിനെല്ലാം ജനം തിരിച്ചടി കൊടുക്കും. കർഷക തൊഴിലാളികൾക്കൊപ്പംനിന്ന് തങ്കപ്പന്റെ തലവെട്ടിയെടുത്ത സമയത്ത് ഞാൻ താലൂക്ക് സെക്രട്ടറിയാണ്. പ്രസാദ് ആയിരുന്നെങ്കില്‍ മുണ്ടെറിഞ്ഞ് ഓടുമായിരുന്നു- സുധാകരൻ പറഞ്ഞു.
തലകീഴായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതു കൊണ്ടാണ് ജി. സുധാകരൻ ഇങ്ങനെയായതെന്ന സിപിഎം പിബി അംഗം എ. വിജയരാഘവൻ പരാമർശത്തെപ്പറ്റി ചോദിച്ചപ്പോൾ, അദ്ദേഹം നേരേ പിടിച്ചു വായിച്ചതു കൊണ്ടാണ് ഇങ്ങനെ ആയതെന്നായിരുന്നു സുധാകരന്‍റെ മറുപടി. വിജയരാഘവൻ 10 യോഗത്തിൽ പങ്കെടുത്താൽ എനിക്ക് 5,000 വോട്ട് കൂടും. വിജയരാഘവൻ പാർട്ടി കമ്മറ്റി കൂടാൻ വന്നിട്ടേയുള്ളൂ. ആലപ്പുഴയെക്കുറിച്ച് അറിയില്ല- സുധാകരൻ പറഞ്ഞു.