"ബാലറ്റ് തിരുത്തിയെന്ന് അല്പം ഭാവന കലര്‍ത്തിപ്പറഞ്ഞതാണ്"; മലക്കം മറിഞ്ഞ് ജി.സുധാകരൻ

ഒരു ബാലറ്റും ആരും തിരുത്തുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ അതിനൊന്നും പങ്കെടുത്തിട്ടുമില്ല, ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ല.
g sudhakaran changes stand over raw over postal vote

ജി. സുധാകരൻ

Updated on

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന പ്രസ്താവനയ്‌ക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കേ നിലപാടില്‍നിന്ന് മലക്കംമറിഞ്ഞ് ജി. സുധാകരന്‍. ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നും അദ്ദേഹം സിപിഐയുടെ വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.

പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്നത് പൊതുവേ പറഞ്ഞതാണ്. അത് അല്പം ഭാവന കലര്‍ത്തിപ്പറഞ്ഞതാണ്. അങ്ങനെ സംഭവിച്ചിട്ടില്ല. ഒരു ബാലറ്റും ആരും തിരുത്തുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ അതിനൊന്നും പങ്കെടുത്തിട്ടുമില്ല, ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ല. ഞാന്‍ 20 വര്‍ഷം എംഎല്‍എയായിട്ടുണ്ട്. ഒരിക്കല്‍പ്പോലും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല', സുധാകരന്‍ പറഞ്ഞു.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. പിന്നാലെ തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് നടന്ന സിപിഐ പൊതുപരിപാടിയിലാണ് പഴയ പ്രസ്താവനകളിൽനിന്ന് പിൻവാങ്ങിയുള്ള പ്രസംഗം. അമ്പലപ്പുഴ തഹസില്‍ദാര്‍ കെ. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുധാകരന്റെ മൊഴിയെടുത്തത്. മൊഴിയുടെ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും.

1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പ്രസംഗം. ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍വെച്ചാണ് 1989-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ വെളിപ്പെടുത്തിയത്. വിഷയത്തില്‍ ഇനി കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. തുടർന്നാണ് സുധാകരനെതിരേ കേസെടുക്കാൻ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിർദേശിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com