
ജി. സുധാകരൻ
ആലപ്പുഴ: കഴിഞ്ഞ 5 വർഷമായി ഒരു പാർട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ.
തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നും സൈബർ ആക്രമണത്തിനു പിന്നിൽ പാർട്ടി അംഗങ്ങൾ ഉൾപ്പടെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്ന് പറഞ്ഞ സുധാകരൻ നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര‍്യമാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനെതിരേ വിമർശനവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നും പുറത്താക്കിയെന്ന് പറഞ്ഞ് ചിലർ പടക്കം പൊട്ടിച്ച് പാർട്ടി നടത്തിയെന്നായിരുന്നു സുധാകരൻ പറഞ്ഞത്.
സജി ചെറിയാനെതിരേ പാർട്ടി നടപടി സ്വീകരികണമെന്നും സുധാകരൻ ആവശ‍്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിമർശനവുമായി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.