
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിൽ ഇനിയുള്ള രണ്ടരക്കൊല്ലത്തേക്ക് മന്ത്രിമാരായി നിശ്ചയിക്കപ്പെട്ട കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് ബി നേതാവ് കെ.ബി. ഗണേഷ് കുമാർ എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും.
ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് നൽകാനാണ് സാധ്യത. സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതു സജി ചെറിയാനിൽ നിന്ന് എടുത്ത് ഗണേഷിനു നൽകുമോ എന്നുറപ്പില്ല. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അഹമ്മദ് ദേവർകോവിൽ കൈകാര്യം ചെയ്തിരുന്ന തുറമുഖം- മ്യൂസിയം വകുപ്പുകളാകും ലഭിക്കുക. ഗണേഷും കടന്നപ്പള്ളിയും ഈ വകുപ്പുകൾ നേരത്തേയും ഭരിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഡൽഹിയിൽ നിന്നു തിരിച്ചെത്തിയിട്ടുണ്ട്.
മുഖ്യമന്തി- ഗവർണർ തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇരുവരും ഒന്നിച്ചു കണ്ടുമട്ടുന്ന ചടങ്ങുകൂടിയായി മാറുമെന്ന പ്രത്യേകതയും സത്യപ്രതിജ്ഞാ ചടങ്ങിനുണ്ട്. രാത്രി തിരുവനന്തപുരത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ നാല് എസ്എഫ്ഐ പ്രവർത്തകർ വഴിമധ്യേ കരിങ്കൊടി പ്രതിഷേധം നടത്തി.