
രഹസ‍്യ വിവരത്തെ തുടർന്ന് റെയ്ഡ്; കളമശേരി ഗവ. പോളിടെക്നിക് കോളെജിൽ നിന്നും പിടിച്ചെടുത്തത് രണ്ട് കിലോഗ്രാം കഞ്ചാവ്
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളെജ് മെൻസ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കളമശേരി പൊലീസും ഡാൻസാഫ് ടീമും കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കൂടാതെ ഗർഭനിരേധന ഉറകളും മദ‍്യക്കുപ്പികളും കണ്ടെടുത്തു. കൊല്ലം സ്വദേശിയായ ആകാശ്, അഭിരാജ്, ആലപ്പുഴ സ്വദേശി ആദിത‍്യൻ എന്നിവരുടെ മുറിയിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവത്തിൽ മൂന്ന് വിദ‍്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേർ ഓടി രക്ഷപെട്ടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ 4 മണിക്കാണ് അവസാനിച്ചത്.