

പ്രതീകാത്മക ചിത്രം.
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ മദ്യപൻ തള്ളിയിട്ട സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ടു പെൺകുട്ടികളും ട്രെയിനിന്‍റെ വാതിൽ ഭാഗത്ത് ഇരിക്കുന്നതും പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടിതള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയെയും പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.
പെൺകുട്ടി ആക്രമിക്കപ്പെട്ട ട്രെയിനിന്‍റെ ബോഗിയിൽ പൊലീസ് പരിശോധന നടത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചു വേളി യാർഡിൽ വെച്ചായിരുന്നു പരിശോധന.
അതേസമയം, താഴെ വീണ പത്തൊമ്പതുകാരി ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല.
മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരുക്ക് ഗുരുതരമെന്നാണ് വിലയിരുത്തൽ. തലയിലെ മർദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്. ഇതിനായുള്ള മരുന്നാണ് നൽകുന്നത്. ഈ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമായിരിക്കും തുടർ ചികിത്സകളിൽ തീരുമാനം.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച സംഭവം. കേരള എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടി എന്ന സോനയെയാണ് മദ്യ ലഹരിയിലായിരുന്ന സഹയാത്രികൻ പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ ട്രെയിനിൽ നിന്ന് ചവിട്ടി താഴെയിട്ടത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ സുരേഷ് കുമാർ റിമാൻഡിലാണ്.