

അനുഷ
കോതമംഗലം: അടിമാലിക്കാരി യുവതി കോതമംഗലത്തെ ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അഞ്ചുവര്‍ഷത്തോളം സ്വന്തം കുടുംബത്തെയും, ബന്ധുക്കളെയും, നാട്ടുകാരെയും പറ്റിച്ചു. ഒടുവിൽ സ്വര്‍ണത്തട്ടിപ്പ് നടത്തി മുങ്ങി. ഒടുവിൽ യുവതി പൊലീസ് വിരിച്ച വലയിൽ വീണു. അടിമാലി വിശ്വദീപ്തി സ്‌കൂളിന് സമീപം താമസിക്കുന്ന കൊച്ചനാട്ടില്‍ അനുഷയാണ് (35) ഡല്‍ഹിയിലെ ഒളിത്താവളത്തില്‍ നിന്ന് പൊലീസ് പിടിയിലായത്.
അടിമാലി നിവാസികളെയും സ്വന്തം ഭർത്താവിനെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് ഒരു വീട്ടമ്മ നടത്തിയ ഹൈടെക് തട്ടിപ്പിന്‍റെ കഥയാണിത്.
2019-ലായിരുന്നു തുടക്കം. ഭർത്താവ് വിദേശത്തായിരുന്ന സമയത്ത് തനിക്ക് കോതമംഗലത്തെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിൽ ജോലി കിട്ടിയെന്ന് അനുഷ എല്ലാവരെയും വിശ്വസിപ്പിച്ചു. ഭർത്താവ് നാട്ടിലെത്തിയ ശേഷവും ഒരു മാറ്റവുമില്ലാതെ ഈ അഭിനയം തുടർന്നു. ദിവസവും രാവിലെ കൃത്യസമയത്ത് ബാങ്ക് യൂണിഫോമിലെന്നപോലെ വീട്ടിൽ നിന്നിറങ്ങും. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തും. വീട്ടുകാർക്കോ നാട്ടുകാർക്കോ ഒരു സംശയവും തോന്നിപ്പിക്കാത്ത വിധം അത്രയും സ്വാഭാവികമായിരുന്നു അനുഷയുടെ പെരുമാറ്റം. ബാങ്ക് ഉദ്യോഗസ്ഥ എന്ന വിശ്വാസം പിടിച്ചുപറ്റിയതോടെ അനുഷ തന്‍റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് കടന്നു. ബാങ്കിൽ സ്വർണം നിക്ഷേപിച്ചാൽ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി.
എന്നാൽ, കഴിഞ്ഞ ഡിസംബർ 21-ന് കഥ മാറി മറിഞ്ഞു. പ്രമോഷൻ ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുഷ തിരിച്ചെത്തിയില്ല. ഫോൺ സ്വിച്ച് ഓഫ് ആയതോടെ അന്വേഷിച്ചിറങ്ങിയ ഭർത്താവ് ബാങ്കിലെത്തിയപ്പോഴാണ് താൻ ഇത്രയും കാലം കണ്ടത് വെറും സ്വപ്നമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. തന്‍റെ ഭാര്യ അവിടെ ജോലി ചെയ്യുന്നില്ലെന്ന് തിരിച്ചറിഞ്ഞത്. പരാതികൾ ഉയർന്നതോടെ മുങ്ങിയ അനുഷയെ അടിമാലി പോലീസ് പിടികൂടിയത് ഡൽഹിയിലെ ഒളിത്താവളത്തിൽ നിന്നാണ്.