നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത്: ഒരാളെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു

2019ലും 2020ലും നയതന്ത്ര ചാനല്‍ വഴി വന്‍തോതില്‍ ഇയാൾ സ്വര്‍ണം കടത്തിയിരുന്നു
Representative image
Representative image
Updated on

ന്യൂഡല്‍ഹി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി ദേശീയ അന്വേഷണ ഏജൻസിയുടെ എൻഐഎ പിടിയിലായി. കണ്ണൂര്‍ സ്വദേശി രതീഷാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായിൽ നിന്നെത്തിയ രതീഷിനെ വിമാനത്താവളത്തില്‍ വച്ചു പിടികൂടുകയായിരുന്നെന്ന് എന്‍ഐഎ അറിയിച്ചു.

2019ലും 2020ലും നയതന്ത്ര ചാനല്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്തിയ സംഘത്തിലെ അംഗമാണ് ഇയാളെന്ന് എന്‍ഐഎ വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം തമിഴ്‌നാട്ടില്‍ നന്ദകുമാര്‍ എന്നയാള്‍ക്ക് എത്തിച്ചുകൊടുത്തത് രതീഷ് ആണെന്നാണ് എന്‍ഐഎയുടെ നിഗമനം. 6 പേരെയാണ് ഇനി കേസില്‍ പിടി കിട്ടാനുള്ളത്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി എന്‍ഐഎ വക്താവ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com