
കോട്ടയം: മെട്രൊ വാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ. ഗോപീകൃഷ്ണന്‍റെ പേരിലുള്ള അവാർഡ് ദാനം സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയം പ്രസ് ക്ലബിൽ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി ആൽബം പ്രകാശനം ചെയ്യും.
മഹാത്മാഗാന്ധി സർവകലാശാല ജേണലിസം വിഭാഗം മുൻ ഡയറക്റ്ററും എൻഎസ്എസിന്‍റെ "സർവീസ്' മാസിക എഡിറ്ററുമായ മാടവന ബാലകൃഷ്ണപിള്ള,24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പി.പി. ജയിംസ്, മെട്രൊ വാർത്ത അസോസിയറ്റ് എഡിറ്റർ എം.ബി. സന്തോഷ്, മാതൃഭൂമി സീനിയർ റിപ്പോർട്ടർ രശ്മി രഘുനാഥ്, മഹാത്മാഗാന്ധി സർവകലാശാല കമ്മ്യൂണിക്കേഷൻ ആന്‍റ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ലിജിമോൾ പി ജേക്കബ്, ഡോ. ലീലാ ഗോപീകൃഷ്ണ, വിനയ് ഗോപീകൃഷ്ണൻ, പ്രസ് ക്ലബ് പ്രസിഡന്‍റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.
മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ അഞ്ജന ഉണ്ണികൃഷ്ണനാണ് 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന ഇത്തവണത്തെ പുരസ്‌കാരം.
വര്‍ധിച്ചു വരുന്ന പുരുഷ ആത്മഹത്യകളുടെ കണക്കുകളും കാരണങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയ "പാതിവഴിയില്‍ പൊലിയുന്ന അവന്‍' എന്ന പരമ്പരയാണ് അഞ്ജനയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ഗോപീകൃഷ്ണന്‍റെ കുടുംബം കോട്ടയം പ്രസ് ക്ലബിൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.