'നന്ദി പഴയിടം സാർ,ഒരു പരാതിപോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്...'

പഴയിടത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നന്ദി അറിയിച്ചുള്ള മുതുകാടിന്‍റെ കുറിപ്പ്
'നന്ദി പഴയിടം സാർ,ഒരു പരാതിപോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്...'

ഭിന്നശേഷിക്കാരുടെ കലോത്സവമായ സമ്മോഹനിൽ ഒരു പരാതിയുമുയർത്താതെ ഇഷ്ടവിഭവങ്ങൾ വിളമ്പിയ പഴയിടം മോഹനൻ നമ്പൂതിരിക്ക് നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട്. പഴയിടത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നന്ദി അറിയിച്ചുള്ള മുതുകാടിന്‍റെ കുറിപ്പ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം....

തളർച്ചയിലും ഞങ്ങൾ ചിരിച്ചു....

സമ്മോഹന്‍റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാൻ അവശനായി നിലത്ത് തളർന്നു കിടക്കുമ്പോൾ പഴയിടം മോഹനൻ നമ്പൂതിരി അരികിലേക്ക് വന്നു. അദ്ദേഹം അതിനേക്കാൾ അവശനായിരുന്നു. കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളിൽ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാൻ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു. ഉത്തരേന്ത്യൻ വിഭവങ്ങളും കേരളത്തിന്റെ വിഭവങ്ങളും വേറെവേറെയുണ്ടാക്കി, വന്നവരെ മുഴുവൻ വയറൂട്ടിയതിന്റെ ഫലമായി, ഒരു പരാതിപോലും പറയാനില്ലാതെ നന്ദി പറഞ്ഞ് വന്നവർ മടങ്ങിപ്പോകുമ്പോൾ സത്യത്തിൽ നിറഞ്ഞത് എന്റെ മനസ്സായിരുന്നു.

പഴയിടം പറഞ്ഞു: "എല്ലാം നന്നായി കഴിഞ്ഞല്ലോ... ഇനി നമുക്ക്‌ ഒരു ഫോട്ടോ എടുക്കണം."

വിയർത്തൊട്ടിയ ശരീരങ്ങൾ ഒന്നായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫർ പറഞ്ഞു... "സ്‌മൈൽ പ്ളീസ്..."

ഞങ്ങൾ ചിരിക്കാൻ ശ്രമിച്ചു... തളർച്ചയിലെ ചിരി....!

നന്ദി പഴയിടം സാർ... ഒരു പരാതിപോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്...

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com