
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ. കർഷകർക്ക് സഹായകരമായ രീതിയിൽ പാൽ വില വർധിപ്പിക്കാൻ മിൽമ ഉടൻ നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ - ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി ഉറപ്പ് നൽകി.
കാലത്തീറ്റയുടെ വില വർധനവും, പാലിന് ആനുപാതികമായ വില ലഭിക്കാത്തതും കർഷകരേ കൂടുതൽ ദുരിതത്തിലാക്കുകയാണെന്ന് തോമസ് കെ തോമസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിന് പുറമെയാണ് സർക്കാരിന്‍റെ ഈ ഇടപെടൽ.
കേരളം പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ശ്രമിക്കുമ്പോഴും കന്നുകാലി വളർത്തൽ ലാഭകരമായി മുന്നോട്ട് കൊണ്ട് പോകാൻ കർഷകർക്ക് കഴിയുന്നില്ലെന്നാണ് എംഎൽഎ സഭയിൽ പറഞ്ഞത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ക്ഷീരകർഷകർക്ക് പലിശ രഹിത വായ്പ അനുവദിക്കുക, പാലിന് ന്യായവില ഉറപ്പാക്കുക, കാലിത്തീറ്റ വില കുറച്ച് ലഭ്യമാക്കുക, എല്ലാ ക്ഷീര കർഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ എംഎൽഎ മുന്നോട്ടുവെച്ചു.
കുട്ടനാട്ടിലെ പക്ഷിപ്പനി ബാധിച്ച് നഷ്ടം സംഭവിച്ച താറാവ്, കോഴി കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരത്തിലെ ബാക്കി 20% തുക അടിയന്തരമായി നൽകണമെന്നും അദ്ദേഹം പറഞ്ഞു. പാൽവില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണെന്ന് 2011-ലെ ഹൈക്കോടതി ഉത്തരവ് വ്യക്തമാക്കുന്നതായി ജെ. ചിഞ്ചുറാണി പറഞ്ഞു.