
ഓൺലൈനിലൂടെയുളള മദ്യ വില്പന അംഗീകരിക്കാതെ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനായി മദ്യം വിൽക്കുന്നതിനുളള ബെവ്കോ ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. സംസ്ഥാനത്ത് ഓണ്‍ലൈനായി മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി കഴിഞ്ഞ ദിവസമാണ് ബെവ്കോ മുന്നോട്ടുവന്നത്.
ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നനു. വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കൊരുങ്ങുന്നതെന്ന് ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കിയിരുന്നു. ഇതിനായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിരുന്നു.
സ്വിഗ്ഗി അടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കിയിരുന്നത്. മൂന്നുവര്‍ഷം മുൻപും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, അന്നും അനുമതി നൽകിയിരുന്നില്ല.
23 വയസിനു മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനായി മദ്യം വാങ്ങാൻ കഴിയുക. മദ്യം നൽകുന്നതിന് മുൻപ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് പുറമെ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ബെവ്‍കോ ശുപാര്‍ശ നൽകിയിരുന്നു.