

കേരള ഹൈക്കോടതി
കൊച്ചി: സർക്കാർ ജീവനക്കാർ സ്പാർക്ക് പോർട്ടലിൽ നൽകിയ വിവരങ്ങളിൽ നിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പർ ശേഖരിച്ച് സർക്കാരിന്‍റെ നേട്ടങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന് കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഹൈക്കോടതിയിൽ ഹർജി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും മലപ്പുറം കെ.ടി.എം കോളെജ് അസോ,പ്രൊഫസറുമായ ഡോ.പി. റഷീദ് അഹമ്മദ്, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ കെ.എം എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. കഴിഞ്ഞദിവസമാണ് കേരളത്തിലെ സർക്കാർ, അർധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശം ലഭിച്ചത്. ഡി.എ വർധന, ശമ്പള പരിഷ്കരണം, വീട് വായ്പ തുടങ്ങി വിവിധ സർക്കാർ നടപടികൾ ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശം. സർക്കാരിന്‍റെ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്കും സംരംഭകർക്കും ആനുകൂല്യങ്ങൾ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചിരുന്നു. വ്യക്തികളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും അവരുടെ അനുമതി കൂടാതെ ശേഖരിച്ചായിരുന്നു പ്രചാരണം നടത്തിയതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചു.
സർക്കാരിന്‍റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനല്ല വ്യക്തികളുടെ വിവരം സർക്കാരിന്‍റെ പ്രൊജക്റ്റുകൾക്ക് നൽകിയതെന്നും സ്പാർക്ക് സോഫ്റ്റ് വെയറിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിവരങ്ങൾ കൈമാറിയെങ്കിൽ സ്വകാര്യതയുടെ ലംഘനമാണ്. സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് സർക്കാർ നീക്കമെന്നും ഹർജിയിൽ പറയുന്നു. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരാകും.