സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

താത്കാലിക ജീവനക്കാർ ജോലിക്ക് ഇന്ന് ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്നും ഉത്തരവ്
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പണിമുടക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന സൂചനാ പണിമുടക്കൽ സെക്രട്ടേറിയറ്റ് ജീവനക്കാരടക്കം പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ അറിയിച്ചിരുന്നു. അതേസമയം, പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ അടക്കം നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

6 ഗഡു (18%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡ്‌സെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, 12-ാം ശമ്പള കമ്മിഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ഇതേസമയം, സമരത്തെ പ്രതിരോധിക്കാൻ കടുത്ത നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഡയസ്നോൺ ബാധകമാകുന്നവരുടെ ഇന്നത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്നും കുറയ്‌ക്കും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്നു നീക്കം ചെയ്യും. അവശ്യസേവനങ്ങൾ തടസപ്പെടരുതെന്നും അടിയന്തര സാഹചര്യങ്ങളിലൊഴികെ 2024 ജനുവരി 24ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ല.

ജീവനക്കാരനോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാലോ ഒഴിവാക്കാനാകാത്ത സാഹചര്യത്തിലോ മാത്രം അവധി അനുവദിച്ചാൽ മതി. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. താത്കാലിക ജീവനക്കാർ ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com