
എഡിജിപി അജിത് കുമാർ
കൊച്ചി: ശബരിമല ട്രാക്‌റ്റർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആര്‍. അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. കേസിൽ ട്രക്റ്റർ ഡ്രൈവറുടെ മേൽ കുറ്റം ചുമത്തി കേസെടുത്തു. പമ്പ പൊലീസാണ് ഡ്രൈവർക്കെതിരേ കേസെടുത്തത്. എഫ്ഐആറിൽ എം.ആർ. അജിത് കുമാറിനെക്കുറിച്ച് പരാമർശമില്ല. അലക്ഷ്യമായി ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിച്ചെന്നും ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്റ്ററിൽ ആളെ കയറ്റിയെന്നുമാണ് ഡ്രൈവർക്കു മേൽ ആരോപിക്കുന്ന കുറ്റങ്ങൾ.
പൊലീസിന്‍റെ ഉടമസ്ഥതയിലുള്ള ട്രാക്റ്ററിലാണ് അജിത് കുമാർ യാത്ര ചെയ്തത്. സംസ്ഥാന പൊലീസ് മേധാവിയാണ് സാങ്കേതികമായി ട്രാക്റ്റർ ഉടമ. പൊലീസ് സേനാംഗമാണ് ട്രാക്റ്റർ ഡ്രൈവർ. ഇദ്ദേഹത്തിനു മേൽ മോട്ടോർ വാഹന നിയമങ്ങൾ പ്രകാരവും കുറ്റം ചുമത്തി.
എന്നാൽ എം.ആർ. അജിത്കുമാറിന്‍റെ ട്രാക്റ്റർ യാത്രയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സംഭവം ദൗർഭാഗ്യകരമാണെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിൽ ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.
വിഷയത്തിൽ ശബരിമല സ്പെഷ‍്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് അജിത് കുമാർ ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശനിയാഴ്ച രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി ട്രാക്റ്ററിൽ യാത്ര ചെയ്തതതാണ് വിവാദമായത്. ക്യാമറകൾ ഇല്ലാത്ത ഭാഗത്തുനിന്നാണ് ട്രാക്റ്ററിൽ കയറിയത്.
മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായാണ് ശബരിമല നട തുറന്നത്. ഇതിനിടെയാണ് ദർശനത്തിനായി എഡിജിപി ശബരിമലയിലെത്തിയത്. പമ്പയിൽ നിന്നുള്ള ചരക്കു നീക്കത്തിനു മാത്രമേ ട്രാക്റ്റർ ഉപയോഗിക്കാവൂ എന്നും, അതിൽ യാത്രക്കാരെ കയറ്റരുതെന്നും ഹൈക്കോടതിയുടെ കർശന നിർദേശം നിലവിലുണ്ട്. അജിത് കുമാർ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം.