
തിരുവനന്തപുരം: ഗവർണർ സ്ഥാനം ഒഴിഞ്ഞെങ്കിലും കേരളവുമായുള്ള ബന്ധം തുടരുമെന്ന് മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായുള്ള ഓർമകളുമായാണ് താൻ പോവുന്നതെന്നും ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർ സ്ഥാനം ഒഴിഞ്ഞ ശേഷം ബിഹാറിലേക്ക് തിരിക്കും മുമ്പ് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ മാധ‍്യമങ്ങളോട് സംസാരിച്ചത്. 'ഗവർണറുടെ കാലാവധി കഴിഞ്ഞു. പക്ഷേ ബന്ധം തുടരും. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കും. ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ ഓർമകൾ കൊണ്ടാണ് ഞാൻ പോവുന്നത്. നിങ്ങളെയെല്ലാം ഞാൻ ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ' ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവകലാശാല വിഷയത്തിൽ സർക്കാരുമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും കേരള സർക്കാരിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ പ്രതിനിധികൾ സന്ദർശിക്കാത്തതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ നിര‍്യാണത്തെ തുടർന്ന് രാജ‍്യം ദുഃഖാചരണത്തിലാണെന്നും അതിനാലാണ് ചടങ്ങുകൾ ഇല്ലാത്തതെന്നും അദ്ദേഹം മറുപടി നൽകി. അതേസമയം ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ ടാറ്റ നൽകി യാത്രയയച്ചു. പേട്ടയിൽ വച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ ടാറ്റ നൽകിയത്.