

പിജിക്ക് ജയിച്ച വിദ്യർഥിയെ ഡിഗ്രി ജയിപ്പിക്കാനുള്ള സർവകലാശാല തീരുമാനം ഗവർണർ മരവിപ്പിച്ചു
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ ബിഎഫ്എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) പരീക്ഷയിൽ തോറ്റ എസ്എഫ്ഐ പ്രവർത്തകന് എംഎഫ്എയ്ക്ക് പ്രവേശനം നൽകി പരീക്ഷ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള സർവ്വകലാശാല സിന്‍റിക്കേറ്റിന്‍റെ തീരുമാനം മരവിപ്പിച്ച് ഗവർണർ. ഇത് സംബന്ധിച്ച കത്ത് രാജ്ഭവൻ സെക്രട്ടറി വിസി കെ.കെ. ഗീതാ കുമാരിക്ക് കൈമാറി.
അസിസ്റ്റന്‍റ് പ്രൊഫസർ നിയമന നടപടികൾ ആരംഭിക്കാനുള്ള സിന്‍റിക്കേറ്റ് തീരുമാനം നിർത്തിവയ്ക്കാനും ഗവർണർ നിർദേശം നൽകി. നാല് വർഷ ബിഎഫ്എ(മ്യൂറൽ പെയിന്‍റിംഗ്) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് 2005-ൽ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ പ്രവർത്തകന് ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ്എയ്ക്ക് പ്രവേശനം നൽകിയിരുന്നു. ഇയാൾ 2023-ൽ എംഎഫ്എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാൻ താൽക്കാലിക വിസി കെ.കെ. ഗീതാ കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സിന്‍റിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
ബിഎഫ്എ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാതെയാണ് യൂണിവേഴ്സിറ്റിയിൽ എംഎഫ്എയ്ക്ക് പ്രവേശനം നൽകിയത്. രാഷ്ട്രീയ സ്വാധീനത്തിന്‍റെ മറവിലാണ് എംഎഫ്എയ്ക്ക് പ്രവേശനം നൽകിയതതെന്നാണ് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് അധ്യാപക നിയമനനടപടികൾ ആരംഭിക്കുവാനുള്ള സിൻഡിക്കേറ്റ് തീരുമാനവും ഗവർണർ തടഞ്ഞിട്ടുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവ്വകലാശാലയിൽ, നിലവിൽ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികത്തിൽ അധികം അധ്യാപകരെ നിയമിച്ചിരിക്കുന്നതായ ഗവൺമെന്‍റ് ഓഡിറ്ററുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു.
സർവ്വകലാശാലയുടെ ചട്ടങ്ങൾ സംരക്ഷിക്കുവാൻ ബാധ്യതപ്പെട്ട താൽകാലിക വിസി സിപിഎമ്മുകാരായ ചില സിന്‍റിക്കേറ്റങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ചട്ട വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഗവർണർ നാമനിർദ്ദേശം ചെയ്ത നാല് സിണ്ടിക്കേറ്റ് അംഗങ്ങളും സർവ്വകലാശാലയിൽ നടക്കുന്ന ക്രമവിരുദ്ധ നടപടികളും അഴിമതികളും ഗവർണറെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രേഖമൂലം അറിയിച്ചിട്ടുണ്ട്.