
വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി
കൊച്ചി: കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്ക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. ഇവരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. താത്ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വിദ്യാർഥികളുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിരം വിസി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്ഥിരം വിസി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെതാണ് വിധി.