ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്‍റലിജൻന്‍റ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും.
Govindachamy escape from jail; CM orders comprehensive investigation
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു രക്ഷപെട്ട സംഭവത്തിൽ സമഗ്ര അന്വേഷണത്തിനു നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ നടന്നു വരുന്ന പൊലീസ് അന്വേഷണത്തിനും വകുപ്പ് തല പരിശോധനകൾക്കും പുറമേയാണ് പ്രത്യേക സമഗ്ര അന്വേഷണം.

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, സംസ്ഥാനത്തിന്‍റെ മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവർക്കാണ് അന്വേഷണത്തിന്‍റെ ചുമതല.

‌സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പൊലീസ് മേധാവി രവദ ചന്ദ്രശേഖർ,ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്‍റലിജൻസ് അഡീഷണൽ ഡിജിപി പി. വിജയൻ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്. അടുത്ത മൂന്ന് മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് യോ​ഗത്തിൽ തീരുമാനമെടുത്തു.

സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്‍റലിജൻന്‍റ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും. ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ച് വർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇന്‍റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്.

ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി ആലോചിക്കും. ജയിലുകളിലെ വീഡിയോ കോൺഫറൻസിങ് സംവിധാനം ശക്തിപ്പെടുത്തും. ജയിലിനകത്ത് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കും.

ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com