ഗോവിന്ദ ചാമിയെപ്പോലെ ഗോവിന്ദൻ സംസാരിക്കരുത്: ഫാ. ഫിലിപ്പ് കവിയില്‍

പാംപ്ലാനിയെ പോലെ അവസരവാദം പറയുന്ന വേറൊരാളില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പരാമർശം.
Govindan should not speak like Govinda Chami: Fr. Philip in the poem

ഫാ. ഫിലിപ്പ് കവിയില്‍

Updated on

കൊച്ചി: ഒരു യുവതിയെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഗോവിന്ദ ചാമി സംസാരിക്കുന്നതു പോലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കരുതെന്നു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ഡയറക്റ്റർ ഫാ. ഫിലിപ്പ് കവിയില്‍. കത്തോലിക്കാ സഭാ തലശേരി രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ ഗോവിന്ദൻ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചപ്പോൾ ഒരു നിലപാടും, അവർക്കു ജാമ്യം കിട്ടിയപ്പോൾ കേന്ദ്ര സർക്കാരിനെ പുകഴ്ത്തുകയും ചെയ്ത മാർ പാംപ്ലാനി അവസരവാദിയാണെന്നു ഗോവിന്ദൻ എൻജിഒ യൂണിയൻ തളിപ്പറമ്പ് ഏരിയ സെന്‍റർ ഉദ്ഘാടനം ചെയ്യവെ വിമർശിച്ചിരുന്നു.

പാംപ്ലാനിയെ പോലെ അവസരവാദം പറയുന്ന വേറൊരാളില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പരാമർശം. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കു നേരേ ആക്രമണമുണ്ടായപ്പോൾ ഞെട്ടി. ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ആലോചിക്കേണ്ടി വരുമെന്നു പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരെ സോപ്പിടാൻ അച്ചന്മാർ കേക്കും കൊണ്ട്‌ കാണാൻ പോയി.

അതു കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ഒഡിഷയിൽ അച്ചന്മാരെയും അടിച്ചുവെന്ന വാർത്ത. അപ്പോൾ ചോദിച്ചു, ഞങ്ങൾ യൂറോപ്പിലാണോ ജീവിക്കേണ്ടതെന്ന്. എന്തെങ്കിലും കാണുമ്പോൾ കേക്കും വാങ്ങിപ്പോയി പ്രശ്നം പരിഹരിച്ചുകളയാം എന്നതല്ല ഇതിന്‍റെ അടിസ്ഥാന പ്രശ്നം- ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്നാൽ, സഭാ പിതാക്കന്മാർക്ക് പ്രസ്താവനയിറക്കാൻ ഒരു പാർട്ടിയുടെയും അനുവാദം ആവശ്യമില്ലെന്നും, സഭയ്ക്കു സ്വന്തം നിലപാടുകളുണ്ടെന്നും, അത് എവിടെയും സ്വതന്ത്രമായി പറയാനുള്ള ആര്‍ജവത്വവും സ്വാതന്ത്ര്യവും സഭയ്ക്കുണ്ടെന്നും തലശേരി രൂപത പറഞ്ഞു.

മാർ പാംപ്ലാനിക്കെതിരേ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സെക്രട്ടറിയുടെ നിലപാടും ഫാസിസ്റ്റ് ശക്തികളുടേതിനു സമാനമാണ്. എകെജി സെന്‍ററിൽ നിന്ന് തിട്ടൂരം വാങ്ങിയശേഷം മാത്രമേ കത്തോലിക്കാ സഭാ മെത്രാന്മാർ പ്രസ്താവന നടത്താൻ പാടുള്ളൂ എന്ന സമീപനം ഉള്ളിലൊളിപ്പിച്ചു വച്ച ഫാസിസത്തിന്‍റെ മറ്റൊരു മുഖമാണ്.

കേന്ദ്രം ഇടപെട്ടതിൽ നന്ദിയറിയിച്ചതിൽ നിലപാടുമാറ്റമല്ല- അതിരൂപത പ്രതികരിച്ചു. സിപിഎം സെക്രട്ടറി സംസാരിക്കുമ്പോൾ കുറച്ചുകൂടി മാന്യമായും ബോധപൂർവവും സംസാരിക്കണം. ഇനി ഒരു പിണറായി വിജയൻ സർക്കാർ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നതു കൊണ്ടായിരിക്കാം ഇത്തരമൊരു പ്രസ്താവന നടത്തിയത് – ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com