
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കും. നേരത്തേ എടുത്ത കോപ്റ്ററിന്റെ വാടകക്കാലാവധി അവസാനിച്ചതിനെത്തുടർന്നു പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കനത്ത സുരക്ഷയും മുൻകരുതൽ നടപടികളും ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനു നേരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കഴിഞ്ഞയാഴ്ച കരിങ്കൊടി പ്രതിഷേധമുണ്ടായതിനാൽ പാലക്കാട്ടു നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നെടുമ്പാശേരിയിൽ നിന്നു സ്വകാര്യ വ്യവസായ ഗ്രൂപ്പിന്റെ ഹെലികോപ്റ്ററിലാണു മുഖ്യമന്ത്രി എത്തിയത്.
ആദ്യം, പവന്‍ഹാന്‍സുമായി പ്രതിമാസം ഒരുകോടി 60 ലക്ഷം രൂപയുടെ കരാറിലെത്തി കോപ്റ്റര്‍ വാടയ്ക്കെടുത്തത് വിവാദമായിരുന്നു. അതിന് ശേഷം ജിപ്സന് ഏവിയേഷനുമായി പ്രതിമാസം 80 ലക്ഷം രൂപയുടെ കരാറുണ്ടാക്കി. ടെൻഡറില്ലാതെയാണ് ഒന്നാം പിണറായി സർക്കാർ പവൻഹാൻസ് കമ്പനിക്ക് കരാർ നൽകിയത്. പ്രതിമാസം പറക്കാൻ ഒരു കോടി 40 ലക്ഷവും നികുതിയും നൽകി. ഒരു വർഷത്തെ കരാർ പ്രകാരം 22.21 കോടിയാണ് പവൻ ഹൻസിന് നൽകിയത്.
കൊവിഡ് ഒന്നാം തരംഗസമയത്ത് 2020 ഏപ്രിലിലാണ് പൊലീസിന്റെ അടിയന്തരാവശ്യത്തിന് എന്ന പേരിൽ കോപ്റ്റർ വാടകയ്ക്കെടുത്തത്. ഈ കോപ്റ്റർ പിന്നീട് അവയവദാനത്തിന് എയര്‍ ആംബുലന്ലസായും ഉപയോഗിച്ചിരുന്നു.