

കെ.എ.രതീഷ്
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രതിയായ കെ.എ. രതീഷിന് ഉന്നത പദവി നൽകി സംസ്ഥാന സർക്കാർ. ഖാദി ബോർഡ് സെക്രട്ടറിയായും, റൂട്രോണിക്സ് മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്ത് തുടരാനും രതീഷിനെ സർക്കാർ അനുവദിച്ചു. കശുവണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതിയാണ് സിബിഐ കണ്ടെത്തിയത്.
കാഷ്യൂ ഡെവലപ്മെന്‍റ് കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷിനും, മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ എ.ചന്ദ്രശേഖരനും എതിരേയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 10 വർഷത്തെ അന്വേഷണത്തിന് ശേഷം 2020 ലാണ് കുറ്റപത്രം സമർപ്പിച്ചത്. ഖാദി ബോർഡിന് കീഴിലുളള സഹകരണസംഘങ്ങളുടെയും സൊസൈറ്റികളുടെയും രജിസ്ട്രാറായി ഖാദി ബോർഡ് സെക്രട്ടറിക്ക് പ്രവർത്തിക്കേണ്ടതുണ്ട്. അതിനാൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ചട്ടം.
എന്നാൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത 60 വയസ് കഴിഞ്ഞ കെ.എ.രതീഷിനെ നിയമിച്ചതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. കെ.എ രതീഷിനും, ചന്ദ്രശേഖരനുമെതിരായ പ്രോസിക്യൂഷൻ നടപടിക്ക് ഇതുവരെ സർക്കാർ അനുമതി നൽകാത്തതിനെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മൂന്ന് തവണയാണ് സർക്കാർ പ്രോസിക്യൂഷൻ നടപടിയെ എതിർത്തത്.