സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കും, റോബോട്ടിക് സർജറി ഉടൻ: വീണാ ജോർജ്

3030 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് വേണ്ടി വിനിയോഗിച്ചത്
സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കും, റോബോട്ടിക് സർജറി ഉടൻ: വീണാ ജോർജ്

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും അഴൂർ കുടുംബാരോഗ്യ കേന്ദ്രവുമാണ് നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളമാണെന്ന് മന്ത്രി പറഞ്ഞു. 3030 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് വേണ്ടി വിനിയോഗിച്ചത്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും കുടുംബാരോഗ്യകേന്ദ്രങ്ങൾ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 37.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒ.പി കെട്ടിടം -ലാബ് എന്നിവ നവീകരിച്ചത്. ലാബിൽ ആധുനിക രീതിയിലുള്ള പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിലൂടെ ഗുണനിലവാരമുള്ള പരിശോധനാഫലം സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയും. ഹേമറ്റോളജി അനലൈസർ, ഇലക്‌ട്രോലൈറ്റ് അനലൈസർ, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കൽ അനലൈസർ, ഇമ്യുനോ അസെ അനലൈസർ എന്നിവയാണ് ലാബിലേക്ക് പുതുതായി വാങ്ങിയ മെഷിനുകൾ. പരിശോധനാ ഫലങ്ങൾ ഒരു മിനിറ്റില്‍ ലഭിക്കുക, ഒരു മണിക്കൂറിൽ 350 ടെസ്റ്റുകൾ ഒരുമിച്ച് ചെയ്യുക, സാധാരണ ജനങ്ങൾക്ക് ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ലാബിലൂടെ ജനങ്ങൾക്ക് ലഭിക്കുക.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി ജനങ്ങൾക്ക് സമർപ്പിച്ചു.ഈ വർഷം എല്ലാ സർക്കാർ ആശുപത്രികളിലും ഇ -ഹെൽത്ത് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളെ രോഗീസൗഹൃദമാക്കണമെന്നും റോബോട്ടിക് സർജറി പോലുള്ള പുതിയ ചികിത്സ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിന്‍റെ ആർദ്രം പദ്ധതി ഫണ്ടിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ മുഖേന 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി നവീകരിച്ചത് . പരിപാടിയിൽ വച്ച് ജനപങ്കാളിത്തത്തോടെ സമാഹരിച്ച പാലിയേറ്റീവ് ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.

ചടങ്ങിൽ വി. ശശി എം. എൽ. എ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹരി പ്രസാദ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അജിത അനി, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ. അനിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com