

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനെതിരെ ‘നുണേശൻ’ എന്ന പേരിൽ പ്രചാരണം നടത്തിയ സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണം തുടങ്ങി. സന്ദീപ് വാരിയർ എംഎൽഎ മുഖ്യമന്ത്രിക്കു നൽകിയ പരാതി കണക്കിലെടുത്താണ് അന്വേഷണം. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന ചട്ടം ലംഘിച്ചെണ് പരാതിയിൽ പറയുന്നത്.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ചില സിപിഎം അനുഭാവികളായ ജീവനക്കാരാണ് പ്രചാരണത്തിനു ചുക്കാൻപിടിച്ചത് എന്നാണ് വിവരം. എകെജി സെന്ററിലെ സമൂഹമാധ്യമ സംഘവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന സൂചനയും ലഭിച്ചു.
സർക്കാർ ശമ്പളം വാങ്ങി സിപിഎമ്മിനു വേണ്ടി പ്രവർത്തിച്ച, സിപിഎം അനുകൂല ചാനലിലെ മുൻ റിപ്പോർട്ടർ കൂടിയായ എസ്.ജീവൻകുമാർ എന്ന ജീവനക്കാരനെതിരെ നടപടി എടുക്കണമെന്നാണ് സന്ദീപ് വാര്യർ നൽകിയ പരാതിയിലെ ആവശ്യം. പ്രമുഖ സിപിഎം നേതാക്കൾ ഉൾപ്പെട്ട ‘റെഡ് ബറ്റാലിയൻ’ എന്ന വാട്സാപ് ഗ്രൂപ്പിൽ ഇദ്ദേഹം പോസ്റ്റ് ചെയ്തെന്ന് ആരോപിക്കുന്ന സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടും പരാതിയിലുണ്ട്.
ഇതിനിടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലയളവും പിണറായി സർക്കാരിന്റെ ഭരണകാലവും തമ്മിൽ താരതമ്യം ചെയ്ത് മാധ്യമങ്ങളിൽ പരസ്യം നൽകിയതിനെക്കുറിച്ചും ഉടൻ അന്വേഷണം വരും. രാഷ്ട്രീയ താൽപര്യത്തോടെ ഇരു സർക്കാരുകളെ താരതമ്യം ചെയ്തു പരസ്യം തയാറാക്കിയത് അച്ചടക്കലംഘനമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പരസ്യം തയാറാക്കിയവരെയും ഫയൽ കൈകാര്യം ചെയ്തവരെയും ലക്ഷ്യമിട്ടാണ് അന്വേഷണം.