
ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി മലയാളികൾ; അവശ്യസാധനങ്ങൾ ലഭ്യമല്ല, അടിയന്തര നടപടി വേണമെന്ന് ആവശ്യം
ഷിംല: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളുമുണ്ടെന്ന് വിവരം. 25 പേരടങ്ങുന്ന സംഘമാണ് ഷിംലയിൽ എത്താനാവാതെ കൽപ്പ പ്രദേശത്ത് 2 ദിവസമായി കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഓഗസ്റ്റ് 25 നാണ് സംഘം ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. ഭക്ഷണവും വെള്ളവുമടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇവർ അറിയിക്കുന്നു.
അതിനാൽ തന്നെ ഉടൻ തങ്ങളെ ഷിംലയിലെത്തിക്കാനുള്ള അടിയന്തര നടപടി വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. മൺസൂൺ ശക്തിപ്രാപിച്ചതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിമാചലിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇത് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനുമൊക്കെ കാരണമായി.