റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ

വിവാഹങ്ങളുടെ തലേ ദിവസം വരെ ബുക്കിങ് നടത്താനാകുന്നതിനാൽ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
Over 400 weddings at Guruvayur Temple on September 13.

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ

Updated on

തൃശൂർ: പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ നടക്കും. ഇതിനകം 409 വിവാഹങ്ങൾക്കുള്ള ബുക്കിങ് പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം വ്യാഴാഴ്ച അറിയിച്ചു.

മലയാള മാസം ചിങ്ങത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബർ 13 വിവാഹങ്ങൾക്ക് ഏറെ ശുഭകരമായ ദിവസമായാണ് കണക്കാക്കുന്നത്. വിവാഹങ്ങളുടെ തലേ ദിവസം വരെ ബുക്കിങ് നടത്താനാകുന്നതിനാൽ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

തിരക്ക് കണക്കിലെടുത്ത് സുഗമമായ ദർശനത്തിനും വിവാഹചടങ്ങുകൾ തടസമില്ലാതെ നടത്തുന്നതിനുമായി ദേവസ്വം പൊലീസുമായി ചേർന്ന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ക്ഷേത്രത്തിനകത്തും പുറത്തും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഭക്തരുടെ സുരക്ഷയും വലിയ ജനത്തിരക്കും പരിഗണിച്ചാണ് ക്രമീകരണങ്ങൾ.

വിവാഹചടങ്ങുകൾ പുലർച്ചെ നാല് മുതൽ ആരംഭിക്കും. ആറ് മണ്ഡപങ്ങൾ താലികെട്ട് ചടങ്ങിനായി ഒരുക്കും. വിവാഹചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ഭക്തരുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായി ക്ഷേത്രത്തിന്‍റെ കിഴക്കേ നട പൂർണമായും വൺവേ ആക്കും.

ക്ഷേത്രത്തിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും ദേവസ്വം അറിയിച്ചു. ദർശനവും വിവാഹചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹകരണം ആവശ്യമാണെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com