
ആശങ്കയായി വീണ്ടും H1N1: സ്‌കൂൾ താത്‌കാലികമായി അടച്ചു
symbolic image
കൊച്ചി: എറണാകുളം വെണ്ണല ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ 2 വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. അഞ്ചാം ക്ലാസിലെ 2 വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ ക്ലാസിലെ 14 ഓളം വിദ്യാര്‍ഥികള്‍ പനി ബാധിതരാണ്. മുന്‍കരുതൽ നടപടിയുടെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്‌പെക്റ്ററുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ താത്‌കാലികമായി അടച്ചു.
അതേസമയം, ആലുവ യുസി കോളെജിനടുത്തുള്ള ജ്യോതി നിവാസ് സ്‌കൂളും കൊച്ചിന്‍ യുണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കാമ്പസും എച്ച്1എന്‍1 സ്ഥിരീകരിച്ചതോടെ അടച്ചു. ജ്യോതി നിവാസ് സ്‌കൂളിലെ 7 വിദ്യാർഥികൾക്ക് പകർച്ച പനി റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സ്‌കൂൾ 3 ദിവസത്തേക്ക് അടച്ചു.
മുൻകരുതലെന്നോണം സ്‌കൂളുകൾ സ്വന്തം നിലയ്ക്ക് അടച്ചിടുന്നതാണെന്ന് ഡിഎംഒ അറിയിച്ചു. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പനി ബാധിതരായ കുട്ടികൾ വീട്ടിൽ തന്നെ തുടരണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.