പാതിവില തട്ടിപ്പ്: ലാലി വിന്‍സെന്‍റിന്‍റെ വീടുൾ‌പ്പടെ സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌

ചൊവ്വാഴ്ച പുലർച്ചെ മുതൽ കൊച്ചിയിൽ നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് ആരംഭിച്ചത്.
Half-price scam: ED raids 12 places in the state
പാതിവില തട്ടിപ്പ്: ലാലി വിന്‍സെന്‍റിന്‍റെ വീടുൾ‌പ്പടെ സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌
Updated on

തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌ നടക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ കൊച്ചിയിൽ നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് ആരംഭിച്ചത്.

കേസിലെ ഒന്നാംപ്രതിയായ അനന്തുകൃഷ്ണന്‍റെ ഇടുക്കി കോളപ്രയിലുള്ള വീട്ടിൽ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്‍റെ ശാസ്തമംഗലത്തെ ഓഫീസിൽ‌, തോന്നയ്ക്കൽ സായി ഗ്രാമത്തിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റിന്‍റെ കൊച്ചിയിലെ വീട്ടിലുമാണ് പരിശോധന പുരോഗമിക്കുന്നത്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പണം നല്‍കിയവരുടെ വീടുകളിലും ഓഫീസുകളിലും അടക്കം പരിശോധന നടക്കുന്നുണ്ട്.

കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് അനന്തു കൃഷ്ണന്‍ പാതിവില തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. കേസിൽ ലാലി വിൻസെന്‍റ് ഏഴാം പ്രതിയാണ്. അനന്തു കൃഷ്ണനില്‍ നിന്നും 45 ലക്ഷം രൂപ ലാലി വിന്‍സെന്റ് വാങ്ങിയതായി കണ്ടെത്തിയിരുന്നു. നേരത്തെ, കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, പകുതിവില തട്ടിപ്പ് കേസ് പ്രതി അനന്തുവിന്‍റെ സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച്. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യത്തിൽ അനന്തുവിനെ ര​ണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തോ​ടു സഹകരിക്കുമെന്നാണ് അനന്തുവിന്‍റെ പ്രതികരണം. പകുതിവിലക്ക് ഉത്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ കോടികൾ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

20163 പേരിൽ നിന്ന് 60000 രൂപ വീതവും, 4035 പേരിൽ നിന്ന് 56000 രൂപ വീതവും കൈപ്പറ്റി​യെ​ന്ന് ഇ​തു​വ​രെ​യു​ള്ള ക​ണ്ടെ​ത്ത​ൽ. അനന്തുവിന്‍റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നു. അനന്തുവിന്‍റെ സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്‍റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതൽ ഒക്റ്റോബർ വരെ 548 കോടി രൂപ എത്തി. അനന്തുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടികളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. മൂവാറ്റുപുഴ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് അനന്തു സമാഹരിച്ച കോടികളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് അക്കമിട്ട് നിരത്തിയത്.​

കസ്റ്റഡിയിൽ വാങ്ങിയ അനന്തുവിനെ ബുധനാഴ്ച വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കണം. ആദ്യം കേസന്വേഷിച്ച മൂവാറ്റുപുഴ പൊലീസിന്‍റെ കണ്ടെത്തലുക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ വിശദമായ ചോദ്യംചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയാറെടുക്കുന്നത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com