ഹമാസ് മുൻ മേധാവി ഖാലിദ് മാഷൽ
ഹമാസ് മുൻ മേധാവി ഖാലിദ് മാഷൽ

മലപ്പുറത്ത് സംഘടിപ്പിച്ച സോളിഡാരിറ്റി പരിപാടിയിൽ ഹമാസ് നേതാവ്; വിവാദം

ഹമാസിന്‍റെ രൂപീകരണം മുതലുള്ള നേതാവാണു മാഷൽ.
Published on

മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് വെർച്വലായി പങ്കെടുത്തത് വിവാദത്തിൽ. യുവജനപ്രതിരോധമെന്ന പേരിൽ വെള്ളിയാഴ്ച നടന്ന പരിപാടിയെയാണു ഹമാസ് മുൻ മേധാവി ഖാലിദ് മാഷൽ ഓൺലൈനായി അഭിസംബോധന ചെയ്തത്. സയണിസ്റ്റ്- ഹിന്ദുത്വ വംശീയതയ്ക്കെതിരേ അണിചേരുകയെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ജമാ അത്ത് ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റിന്‍റെ പരിപാടി. സംഘാടകർ തന്നെയാണ് ഇതിന്‍റെ വിഡിയൊ പുറത്തുവിട്ടത്.

അൽ അഖ്സ നമ്മുടെ അഭിമാനമാണെന്നും ഇസ്രയേൽ ഗസയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീർക്കുകയാണെന്നും മാഷൽ പറയുന്നതു വിഡിയൊ ദൃശ്യത്തിലുണ്ട്. എതിരാളികൾ നമുക്കെതിരേ ഒരുമിക്കുന്നത് നാം കാണുമ്പോൾ അതുപോലെ നമ്മളും ഒന്നിക്കണം. അവർക്കെതിരേ പോരാട്ട മുഖത്ത് ഇസ്‌ലാമിക സമൂഹം ഒന്നിച്ചുനിന്നില്ലെങ്കിൽ വലിയ പരീക്ഷണങ്ങൾ ഉണ്ടാവുമെന്നും മാഷൽ പറയുന്നു.

അതേസമയം, ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ബിജെപി കേരള ഘടകം രംഗത്തെത്തി. "സേവ് പലസ്തീന്‍' എന്ന മുദ്രാവാക്യത്തിന്‍റെ മറവില്‍ അവര്‍ ഹമാസ് എന്ന ഭീകരസംഘടനയെയും അതിന്‍റെ നേതാക്കളെയും "പോരാളികളായി' മഹത്വവത്കരിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്ര പറഞ്ഞു. കേരള പൊലീസ് എന്താണു ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഹമാസിന്‍റെ രൂപീകരണം മുതലുള്ള നേതാവാണു മാഷൽ. തുടക്കത്തിൽ ഹമാസിന്‍റെ കുവൈറ്റിലെ നേതാവായിരുന്നു. 1992ൽ ഹമാസ് പൊളിറ്റ് ബ്യൂറോ രൂപീകരിച്ചപ്പോൾ അതിന്‍റെ ചെയർമാനായി. ഷെയ്ഖ് അഹമ്മദ് യാസിനെയും അബ്ദേൽ അസീസ് അൽ റന്‍റീസിയെയും ഇസ്രയേൽ വധിച്ചതോടെയാണ് മാഷൽ ഹമാസിന്‍റെ തലവനായത്. ഇയാൾക്കു കീഴിലാണു 2006ലെ പലസ്തീൻ തെരഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടിയത്. 2017ൽ പൊളിറ്റ് ബ്യൂറോ ചെയർമാനായുള്ള കാലാവധി അവസാനിച്ചതോടെ സ്ഥാനമൊഴിഞ്ഞ മാഷൽ ഇപ്പോൾ ഖത്തറിലാണുള്ളതെന്നു കരുതുന്നു.

logo
Metro Vaartha
www.metrovaartha.com