രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കൂട്ടാളിയായ നഗരസഭാ കൗൺസിലർക്കെതിരേയും പീഡന പരാതി

ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ദളിത് യുവതി നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്
Harassment complaint filed against Palakkad Municipal Councilor Prasob

പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെതിരേ പീഡന പരാതി

Updated on

പാലക്കാട്: തെരഞ്ഞെടുപ്പു പ്രചാരണം മൂർധന്യത്തിലെത്തി നിൽക്കെ പാലക്കൊട്ടെ കോൺഗ്രസ് നഗരസഭാ കൗൺസിലറും ലൈംഗിക പീഡനക്കേസിൽ. ജോലി വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിലാണ് കുന്നത്തൂർമേട് നോർത്ത് 24ാം വാർഡ് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരേ കേസ്. ഗർഭിണിയാണെന്നറിയിച്ചപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിപ്പിച്ചെന്നും പിന്നീടാണ് താൻ ചതിക്കപ്പെട്ടെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.

ലൈംഗിക പീഡന കേസുകളിൽപ്പെട്ട് പാർട്ടിക്കു പുറത്തായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്. മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചിരുന്ന ഫ്ലാറ്റ് പ്രശോഭിന്‍റെ കുന്നത്തൂർമേട് നോർത്ത് വാർഡിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽപ്പെട്ട ഏറെക്കാലം മാറി നിന്ന രാഹുൽ പാലക്കാട്ട് തിരിച്ചെത്തിയത് നഗരസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായിരുന്നു. 11 വോട്ടിന് വിജയിച്ച ശേഷം പ്രശോഭ് ആദ്യം പോയി കണ്ടതും രാഹുലിനെയായിരുന്നു.

യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്നാണ് പ്രശോഭിനെതിരേ കേസെടുത്തത്. ഒളിവിൽ പോയ പ്രശോഭിനായി സൈബർ സെല്ലിന്‍റെ സഹായത്തോടെ തെരച്ചിൽ നടക്കുകയാണ്.

പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും അതിക്രമം കാട്ടി. ഭീഷണിപ്പെടുത്തി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. അവിടെ വച്ച് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി. താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി വ്യക്തമാക്കുന്നു.

എംഎൽഎ, എംപിമാർ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തുടർച്ചയായുള്ള ഭീഷണികളും പീഡനങ്ങളും സഹിക്കാൻ കഴിയാതെയാണ് പരാതിയുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.

logo
Metro Vaartha
www.metrovaartha.com