ബാസിത്
ബാസിത്

നിയമന കോഴ കേസ്: ഭീഷണിപ്പെടുത്തി പരാതിയിൽ ഒപ്പുവപ്പിച്ചതെന്ന് ഹരിദാസന്‍റെ മൊഴി; ബാസിത് അറസ്റ്റിൽ

നിയമന കോഴ തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ ബാസിത്തെന്ന് പൊലീസ് പറയുന്നു
Published on

മലപ്പുറം: ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരായ നയമന കോഴ വിവാദത്തിൽ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പരാതിയിൽ ഒപ്പുവപ്പിച്ചതാണെന്ന് ഹരിദാസന്‍റെ മൊഴി. പിന്നാലെ ബാസിതിനെ മലപ്പുറത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്. മന്ത്രിയുടെ പിഎയുടെ പേരു പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞുവെന്നും ഹരിദാസന്‍റെ മൊഴിയിൽ പറയുന്നു.

നിയമന കോഴ തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ ബാസിത്തെന്ന് പൊലീസ് പറയുന്നു. ബാസിത്തിനെ നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. മഞ്ചേരിയിൽ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് ഇന്ന് പിടികൂടിയത്. നാളെ ഹരിദാസനുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

ബാസിത്ത് ഭീഷണിപ്പെടുത്തിയാണ് മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി പറയിപ്പിച്ചതെന്ന് ഹരിദാസൻ പൊലീസിനോട് പറഞ്ഞു. മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നുവെന്നും ഒരു ലക്ഷം രൂപ ബാസിത്തിന് നൽകി.

മന്ത്രിയുടെ ഓഫീസിൽ നൽകാൻ തയ്യാറാക്കിയ പരാതിയിൽ ഒപ്പ് രേഖപ്പെടുത്തിയത് ബാസിതിന്‍റെ സമ്മർദത്തെ തുടർന്നാണ്. മന്ത്രിയുടെ ഓഫീസിൽ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രി ഓഫീസിൽ പ്രവേശനം ഇല്ലെന്ന് പറഞ്ഞ് മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമി കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസൻ പൊലീസിനോട് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com