
വന‍്യജീവി ആക്രമണത്തിന് പരിഹാരം വേണം; അതിരപ്പിള്ളിയിൽ ബുധനാഴ്ച ഹർത്താൽ
തൃശൂർ: അതിരപ്പിള്ളിയിൽ ബുധനാഴ്ച ഹർത്താൽ. കാട്ടാന ആക്രമണങ്ങൾ പതിവായ സാഹചര‍്യത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തതോടെ ജനകീയ ഹർത്താൽ പ്രഖ‍്യാപിച്ചിരിക്കുന്നത്.
രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അതിരപ്പിള്ളി മേഖലയിൽ വന‍്യമൃഗ ആക്രമണത്തിന് പരിഹാരം വേണം, സർക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവർത്തിക്കണം തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ രണ്ടുപേർ മരിച്ചിരുന്നു. വാഴച്ചാൽ ശാസ്താപൂവം ഉന്നതിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട സതീഷ്, അംബിക എന്നിവരാണ് മരിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സംഘത്തോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കാട്ടാനകൂട്ടം പാഞ്ഞെത്തിയപ്പോൾ സംഘത്തിലുണ്ടായിരുന്നവർ ചിതറിയോടി. എന്നാൽ കാട്ടാന കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നു.