
നാടോടി സംഘത്തിലെ കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഒക്റ്റോബർ മൂന്നിന് പ്രതിയുടെ ശിക്ഷ കോടതി വിധിക്കും.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയുടെ മേൽ കോടതി ചുമത്തിയത്. 2024 ഫെബ്രുവരിയിലാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ നാടോടി സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് വയസുകാരിയെ ഹസൻകുട്ടി തട്ടിക്കൊണ്ടുപോയത്.
തുടർന്ന് പീഡനത്തിനിരയാക്കിയ കുട്ടിയെ പ്രതി റെയിൽവേ ട്രക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതയതോടെ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ പൊന്തകാട്ടിൽ നിന്നു അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ബ്രഹ്മോസിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പീഡനത്തിന് ശേഷം പ്രതി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. ഒപ്പം പഴനിയിലെത്തി തലമുണ്ഡനം ചെയ്ത് ഹസൻകുട്ടി രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. ശാസ്ത്രീയ പരിശോധനയിൽ കുട്ടിയുടെ മുടി ഹസൻകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. 41 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.