
കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി. ജോർജിന് മുൻകൂർ ജാമ‍്യം അനുവദിച്ച് ഹൈക്കോടതി. പി.സി. ജോർജ് മുതിർന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലർത്തണമെന്നും കോടതി പറഞ്ഞു.
കേസ് ഇനി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് മുൻകൂർ ജാമ‍്യം അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടി. പി.സി. ജോർജിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ നേരത്തെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു.
നാലുതവണ ഹർജി മാറ്റിവച്ച ശേഷം വ‍്യാഴാഴ്ച കേസ് പരിഗണിച്ച കോടതി ഹർജി തള്ളുകയായിരുന്നു. ഇതോടെയാണ് പി.സി. ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർധ വളർത്തൽ, കലാപാഹ്വാനം, തുടങ്ങിയ ജാമ‍്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു പി.സി. ജോർജിനെതിരേ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
യൂത്ത് ലീഗ് നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി. ഇന്ത‍്യയിലെ മുസ്‌ലിംകൾ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നുവെന്നുമായിരുന്നു പി.സി. ജോർജിന്‍റെ വിവാദ പരാമർശം.