പ്രിയ വർഗീസിന്‍റെ നിയമനം ഹൈക്കോടതി ശരിവച്ചു

നിയമനം തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
പ്രിയ വർഗീസിന്‍റെ നിയമനം ഹൈക്കോടതി ശരിവച്ചു
Updated on

കൊച്ചി: സിപിഎമ്മും സംസ്ഥാന സർക്കാരും നേരിട്ട ഒരു നിയമന വിവാദത്തിൽ ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെയാണിത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ആദ്യം പ്രിയയുടെ നിയമനം മരവിപ്പിച്ചത്. പിന്നാലെ, റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തിയ ജോസഫ് സ്കറിയ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ലെന്നായിരുന്നു വാദം.

ഇതു കണക്കിലെടുത്ത സിംഗിൾ ബെഞ്ച് നിയമനം തടഞ്ഞ് ഉത്തരവിറക്കി. സർവകലാശാലാ മാനദണ്ഡമനുസരിച്ച്, ഗവേഷണ കാലയളവ് അധ്യാപന പരിചയത്തിൽ കണക്കാക്കുമെന്ന പ്രിയയുടെ വാദം കോടതി അന്നു ചെവിക്കൊണ്ടില്ല. കോളെജിൽ കുഴിവെട്ടിയത് അധ്യാപന പരിചയമല്ലെന്ന മട്ടിൽ വാക്കാൽ പരാമർശം വരെ അന്നുണ്ടായിരുന്നു.

ഈ വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു പ്രിയ വർഗീസ്. ഹർജി പരിഗണിച്ച കോടതി, ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാമെന്ന സർവകലാശാലാ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിയയുടെ നിയമനം ശരിവയ്ക്കുകയും ചെയ്തു. റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.

സിപിഎം നേതാവും മുൻ എംപിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കൂടിയായ കെ.കെ. രാഗേഷിന്‍റെ ഭാര്യയാണ് പ്രിയ എന്ന വസ്തുത ഉയർത്തിക്കാട്ടി, ഇതു ബന്ധു നിയമനമാണെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com