പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ചികിത്സാപ്പിഴവ് പരിശോധിക്കാൻ രണ്ടംഗ വിദഗ്ധ സമിതി

10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ചികിത്സാപ്പിഴവ് പരിശോധിക്കാൻ രണ്ടംഗ വിദഗ്ധ സമിതി

Updated on

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപതു വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിയെന്ന ആരോപണത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗസമിതിയെ നിയോഗിച്ചു. സംഭവത്തിൽ ഡോക്‌റ്റർമാരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചോയെന്ന പരിശോധിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഒന്നര മാസം മുൻപാണ് പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി വീണ് പരുക്കേറ്റതിനെ തുടർന്നുള്ള ചികിത്സക്കിടെ കൈ മുറിച്ച് മാറ്റേണ്ടി വന്നത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ സർജറി വിഭാഗം മേധാവി ഡോ. നസുറുദ്ദീൻ, കൊല്ലം മെഡിക്കൽ കോളെജിലെ ഓർത്തോ വിഭാഗം മേധാവി മനോജ് കുമാർ എന്നിവരാണ് സമിതിയിലുള്ളത്. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. മുറിവിന്‍റെ രീതി, നടത്തിയ പരിശോധനകൾ, ചികിത്സാനന്തര കാര്യങ്ങൾ, അപകട സാധ്യതയെ കുറിച്ചുള്ള വിലയിരുത്തൽ എന്നിവയിലാണ് പ്രധാനമായും അന്വേഷണം നടക്കുക. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ ഭക്ഷണം കഴിക്കാൻ പോലും പണമില്ലെന്നും സർക്കാർ സഹായം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരുക്കേല്‍ക്കുന്നത്. ഉടന്‍ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും തുടർ ‌‌ചികിത്സയ്ക്ക് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം നൽകുകയായിരുന്നു.

ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിശോധിച്ച ശേഷം കൈയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാൻ നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com