

ആരോഗ്യമന്ത്രി വീണാ ജോർജ്
file image
കളമശേരി: സംസ്ഥാന സർക്കാർ ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 1,600 കോടി രൂപ ചെലവഴിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കളമശരി സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി നിർമിച്ച മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു നയം ആവിഷ്കരിക്കുകയും അത് യാഥാർഥ‍്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്നുള്ളതാണ് സർക്കാരിന്‍റെ ഉത്തരവാദിത്വം. അത്തരത്തിൽ സർക്കാരിന്‍റെ നയമാണ് ആർദ്രം മിഷൻ. രോഗത്തിന്‍റെ മുന്നിൽ ഒരാൾ പോലും നിസഹായരായി പോകാതെ ചികിത്സ എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് ഈ മിഷന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ 3000-ത്തോളം ഡയാലിസിസ്, 200 ആൻജിയോപ്ലാസ്റ്റികൾ എന്നിവ നടക്കുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകൾ സാധ്യമാക്കി. ആധുനിക ചികിത്സ, സ്ട്രോക്ക് യൂണിറ്റുകൾ, റോബോട്ടിക് സർജറി, കാൻസർ ചികിത്സാരംഗത്ത് നൂതനമായ ഗവേഷണങ്ങൾ, കാർടിസെൽ തെറാപ്പി, ലക്ഷക്കണക്കിന് ചെലവ് വരുന്ന മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ, ലിവർ ട്രാൻസ്പ്ലാന്‍റേഷൻ, അഞ്ച് വയസ് വരെയുളള കുട്ടികൾക്ക് സ്പൈനൽ മസ്കുലാർ അട്രോഫി പോലുള്ള അപൂർവ്വ രോഗങ്ങൾക്ക് സൗജന്യ ചികിത്സ തുടങ്ങി നിരവധിയായ നേട്ടങ്ങൾ സർക്കാർ ആശുപത്രികളിൽ സാധ്യമാക്കാൻ സാധിച്ചെന്നും മന്ത്രി കൂട്ടിചേർത്തു. ഗർഭിണികൾക്കും കുട്ടികൾക്കും ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 285.31 കോടി രൂപ ചെലവിൽ 8.27 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ 850 കിടക്കകളുള്ള പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്.
ഉന്നത നിലവാരത്തിലുള്ള ആധുനിക രോഗനിർണയ സംവിധാനങ്ങൾ ഉൾപ്പെടുന്ന മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ഐസിഎം ആറിൽ നിന്നും ഒരു കോടി 97 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ലെവൽ 2 വൈറോളജി ടെസ്റ്റിങ്ങിന് പര്യാപ്തമായ മൈക്രോബയോളജി ലാബ്, ഹെൽത്ത് ഹബ്ബിന്‍റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 12 പേ വാർഡുകൾ, ത്വക്ക് രോഗവിഭാഗത്തിന് കീഴിൽ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുത്തി ബിപിസിഎല്ലിന്‍റെ സഹകരണത്തോടെ സജ്ജീകരിച്ച കോസ്മെറ്റോളജി ക്ലിനിക്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി ചെലവഴിച്ച് നിർമിച്ച മൾട്ടിപാർക്കിങ് ഷെഡ്, ആരോഗ്യ കുടുംബക്ഷമ വകുപ്പിന്‍റെ 2023 - 24 പ്ലാൻ ഫണ്ടിൽ നിന്നും 1 കോടി 15 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച അക്കാദമിക് ബ്ലോക്ക് ലിഫ്റ്റ് എന്നിവയുടെ ഉദ്ഘാടനവും, 2024- 2025 പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി 67 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ബിഎംബിസി നിലവാരത്തിലുള്ള റോഡുകളുടെ നിർമാണ ഉദ്ഘാടനവും ആണ് ചടങ്ങിൽ നടന്നത്. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായി. ഇടുക്കി - കട്ടപ്പന റൂട്ടിൽ കളമശേരി മെഡിക്കൽ കോളേജിലേക്ക് പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളുടെ ഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.
ഏലൂർ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ, ജില്ലാ കലക്റ്റർ ജി. പ്രിയങ്ക, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഇൻകെൽ എംഡി ഡോ. കെ. ഇളങ്കോവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷാ, സിസിആർസി ഡയറക്റ്റർ ഡോ. പിജി ബാലഗോപാൽ, കളമശേരി മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് എം. ഗണേഷ് മോഹൻ, പ്രിൻസിപ്പാൾ എസ്.എസ്. മിനി, വൈസ് പ്രിൻസിപ്പാൾ പി. അനിൽകുമാർ, കളമശേരി നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.