

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് തീവ്രമാവുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഇന്നും (feb 17) ജാഗ്രതാ നിർദേശം. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്‍റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി അവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഏവരും തയ്യാറാകണമെന്നും മുഖ്യമന്ത്രിയും അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നൊരുക്കം നടത്താനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.
നിലവിൽ പാലക്കാടാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 38 ഡിഗ്രിക്കടുത്താണ് പാലക്കാട്ടെ ചൂട്. പുനലൂർ, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ 36 ഡിഗ്രിയോളം ചൂട് രേഖപ്പെടുത്തി.