

ഉഷ്ണ തരംഗം; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.