
3 ജില്ലകളിൽ ഉരുൾ പൊട്ടൽ സാധ്യത; മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും. തിങ്കളാഴ്ച അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇതിനിടെ, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഈ ജില്ലകളിലുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി, സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നാണ് നിർദേശം.
ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്‍റെ ഉയർന്ന ലെവലിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കടൽതീരങ്ങളിൽ ശക്തമായ തിരമാലയും കാറ്റുമുണ്ടാകുമെന്നതിനാൽ തീരദേശവാസികൾ ജാഗ്രതപാലിക്കണം.കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.