മഴ ശക്തം, ജാഗ്രത തുടരണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

'മലയോര മേഖലകളിലും തീരദേശങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല'
മഴ ശക്തം, ജാഗ്രത തുടരണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയോര മേഖലകളിലും തീരദേശങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ജലജന്യരോഗങ്ങളെയും പകർച്ചവ്യാധികളെയും കരുതിയിരിക്കണം. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.......

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളത്. സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തിൽ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണം.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളിലും തീരദേശങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ജലജന്യരോഗങ്ങളെയും പകർച്ചവ്യാധികളെയും കരുതിയിരിക്കണം. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളണം.

എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദേശിയ ദുരന്ത പ്രതികരണ സേന, പോലീസ്, ഫയർ ഫോഴ്സ്, സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, സന്നദ്ധ സേന, ആപ്‌ത മിത്ര എന്നീ സേനകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ വിന്യസിക്കുന്നതിന് സജ്ജരായിരിക്കാൻ മറ്റു കേന്ദ്ര സേനകൾക്കും നിർദേശം നൽകി.

കാലാവർഷം ശക്തമായ സാഹചര്യത്തിൽ 112 ദുരിതശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 766 കുടുംബങ്ങളിലെ 1006 പുരുഷന്മാർ, 1064 സ്ത്രീകൾ, 461 കുട്ടികൾ ഉൾപ്പെടെ ആകെ 2531 ആളുകൾ താമസിച്ചു വരുന്നു.

കാലാവർഷകെടുതിയിൽ ഇതുവരെ 3 ജീവനുകളാണ് നഷ്ടമായത്. 29 വീടുകൾ പൂർണമായി തകരുകയും 642 വീടുകൾക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മലയോരമേഖലകളിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കടലാക്രമണം, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജാ​ഗ്രത തുടരുക. ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ അവിശ്രമം സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുകയാണ്. അവയോട് പൂർണ്ണമായും സഹകരിക്കാൻ എല്ലാവരും തയ്യാറാവുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com