ഇടുക്കി മലയോര മേഖലകളില്‍ അതിശക്ത മഴ; മലങ്കര, പാംബ്ല ഡാമുകൾ തുറന്നു

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചിട്ടുണ്ട്
heavy rain in idukki two dams open
ഇടുക്കി മലയോര മേഖലയില്‍ അതിശക്ത മഴ
Updated on

തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയുടെ മലയോര മേഖലകളിൽ മഴ ശക്തിപ്രാപിച്ചതിനാൽ മലങ്കര ഡാം തുറന്നു. മലങ്കര ഡാമിലെ 3 ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍കുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ 30 സെന്‍റിമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കി.

ദേവികുളം താലൂക്കിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചിട്ടുണ്ട്. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. നീരൊഴുക്ക് വർധിച്ചു.

മഴതുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സർവകാലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട്, ജില്ലകളിലും നാളെ വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com