
മഴ കനത്തു; ദേശീയ പാതയിൽ മണ്ണിടിച്ചിലും
കോതമംഗലം: മഴ കനത്തത്തോടെ കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ നിർമാണം നടക്കുന്ന നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തിൽ മണ്ണിടിച്ചിൽ. അപകട ഭീഷണിയെ തുടർന്നു ഗതാഗതം ഒറ്റവരിയാക്കി.
ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയിൽ, ശനിയാഴ്ച രാവിലെ മുതൽ മണ്ണിടിയുന്നുണ്ട്. മഴ ശക്തമായതോടെ മണ്ണിടിച്ചിൽ രൂക്ഷമായി.
നേര്യമംഗലം വില്ലാഞ്ചിറയിലുണ്ടായ മണ്ണിടിച്ചിൽ
വില്ലാഞ്ചിറ വളവിനും ഇടുക്കി റോഡ് ജംഗ്ഷനും ഇടയിലായി രണ്ടിടത്താണ് മണ്ണിടിച്ചിൽ. വികസനത്തിന്‍റെ ഭാഗമായി റോഡിന്‍റെ താഴ്ഭാഗത്തു മണ്ണ് നീക്കിയ ഇടത്ത് കരിങ്കൽക്കെട്ടും മൺതിട്ടയും ഉൾപ്പെടെ ഇടിഞ്ഞു.
റോഡരികിലുണ്ടായ വിള്ളൽ മലവെള്ളപ്പാച്ചിലിൽ റോഡിലേക്കും വ്യാപിക്കുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ഇടിച്ചിലുണ്ടായാൽ കൊക്കയിലേക്കു പതിക്കുമെന്നതിലാണു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.