തിരുവനന്തപുരം: സർക്കാരിനായുള്ള വാടക ഹെലികോപ്ടർ അടുത്ത മാസം സംസ്ഥാനത്തെത്തും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഇരട്ട എൻജിനും 6 സീറ്റുകളുമുള്ള ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. 80 ലക്ഷത്തിനു മുകളിലാണ് ഇതിന്‍റെ ഒരു മാസത്തെ വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും അധികമായി നൽകണം.
2 വർഷം മുൻപ് ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്നും ഒരു വർഷത്തേക്ക് 10 സീറ്റുള്ള ഹെലികോപ്റ്റർ സർക്കാർ വാടകയ്‌ക്കെടുത്തിരുന്നു. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസ വാടക. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കൊവിഡ് ബാധയെത്തുടർന്ന് മുന്നോട്ടു പോയില്ല. പിന്നീട് 2021 ൽ ടെൻഡർ നടപടികൾ ആരംഭിച്ചു.
6 പേർക്കു സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ 3 വർഷത്തേക്ക് വാടകയ്‌ക്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ടെൻഡർ നടപടികൾ മുന്നോട്ടു പോയില്ല. തുടർന്ന് ഈ മാസം ആദ്യം ചേർന്ന മന്ത്രി സഭായോത്തിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ അനുമതി ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ 80 ലക്ഷം രൂപ മാസവടകയിൽ 6 സീറ്റുകളുള്ള ഹെലികോപ്റ്റർ സർക്കാർ വാടകയ്ക്കെടുക്കുന്നത്.