കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിഷന്‍റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് (ഓഗസ്റ്റ് 19) വീണ്ടും പരിഗണിക്കും. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി.
കമ്മിഷന് മുന്നിൽ മൊഴി കൊടുത്തിരുന്നെന്നും റിപ്പോർട്ടിന്‍റെ പകർപ്പ് ഇതുവരെ ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ട് പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അതിനാൽ റിപ്പോർട്ടിൽ എന്താണെന്ന് അറിയണമെന്നമാണ് നടി രഞ്ജിനി സമർപ്പിച്ച ഹർജിയിലെ ആവശ്യം. പ്രത്യേകാനുമതിയിലൂടെയാണ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം പ്രാഥമികവാദം കേട്ടത്.
എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നിലപാട് തനിക്കില്ലെന്ന് നടി രഞ്ജിനി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഡബ്ല്യുസിസിയാണ് ഹേമ കമ്മീഷന്‍ രൂപീകരിക്കാനുള്ള കാരണം. രാജ്യത്തുതന്നെ കേരളത്തിലാണ് ആദ്യമായി ഒരു കമ്മീഷനെ വച്ചത്. അതില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും താന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്‍റെ ഒരു കോപ്പിയും തങ്ങളുടെ കൈയ്യിലില്ല. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിന്‍റെ കോപ്പി ചോദിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. അത് അറിഞ്ഞപ്പോഴാണ് താന്‍ കോടതിയെ സമീപിച്ചതെന്നും നീതി ലഭിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.