ഹേമ കമ്മീഷന്‍: സർക്കാർ മാപ്പുപറയണമെന്ന് കെ. സുരേന്ദ്രന്‍; പേരുകൾ പുറത്തുവിടണമെന്ന് കെ.മുരളീധരൻ

ഇത്രയധികം പീഡനങ്ങൾ മറച്ചുവച്ചത് ക്രിമിനൽ കുറ്റമാണെന്ന് മുരളീധരൻ
hema commission report news updates
ഹേമ കമ്മീഷന്‍: സർക്കാർ മാപ്പുപറയണമെന്ന് കെ. സുരേന്ദ്രന്‍; പേരുകൾ പുറത്തുവിടണമെന്ന് കെ.മുരളീധരൻrepresentative image
Updated on

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേരുകൾ പുറത്തുവിടണമെന്നും മാനനഷ്ടമുണ്ടായാൽ അവർ കേസ് കൊടുക്കട്ടെയെന്നും കെ.മുരളീധരൻ. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ പ്രസിദ്ധീകരിക്കാൻ നാല് ആഴ്ചപോലും എടുത്തില്ല. പൊതുപ്രവർത്തകരെന്നാൽ തുറന്ന പുസ്തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമ പ്രവർത്തകർ. ഇരയുടെ പേരല്ലേ വെളിപ്പെടുത്താൻ പാടില്ലാത്തത്. തെറ്റുചെയ്ത കശ്മലന്മാരുടെ പേര് വെളിപ്പെടുത്താത്തത് എന്താണ്. മുറിയിൽ പോയി തട്ടുന്ന വിദ്വാൻമാർ ആരാണ്. തെറ്റ് ചെയ്തവർ ആരെന്ന് പുറത്തുപറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയനിഴലിലാകും. പേരുകൾ പുറത്തുപറയുന്നതിൽ എന്തിനാണ് മടി. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സർക്കാരിന് കഴിയും. സാംസ്കാരിക മന്ത്രി മുടന്തൻ ന്യായമാണ് പറയുന്നത്. ആരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്രയധികം പീഡനങ്ങൾ മറച്ചുവച്ചത് ക്രിമിനൽ കുറ്റമാണെന്നും മുരളീധരൻ പറഞ്ഞു.

സർക്കാർ മാപ്പുപറയണമെന്ന് കെ. സുരേന്ദ്രന്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കണം. സിനിമാ സെറ്റുകള്‍ സ്ത്രീ സൗഹാര്‍ദ്ദമാക്കാന്‍ വേണ്ട ഇടപെടലുകള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം. ഇതുവരെ വേട്ടക്കാര്‍ക്കൊപ്പമുള്ള നിലപാടെടുത്തത് ഇനിയെങ്കിലും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണം. ഇരകളുടെ വിവരങ്ങള്‍ മറച്ചുവെക്കേണ്ടത് സര്‍ക്കാരിന്‍റെ നിയമപരമായ ബാധ്യതയാണ്. എന്നാല്‍ അതിക്രമം നടത്തിയവരുടെ വിവരങ്ങള്‍ മറച്ചുവെച്ചത് എന്തിന്‍റെ പേരിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിനിമാ സെറ്റുകളിലെ സമാന്തര ഭരണം ഇല്ലാതാക്കി സ്ത്രീകള്‍ക്ക് അന്തസായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.