കൊച്ചി: മലയാള സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്തിയ റിട്ട. ജസ്റ്റിസ് കെ. ഹേമയുടെ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി.
സിനിമാ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബെഞ്ച് തള്ളിയത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മിറ്റി നൽകിയ ഉറപ്പിന്‍റെയും ലംഘനമാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്. ആരോപണ വിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, വിവരാവകാശ കമ്മിഷൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് കേസിൽ കക്ഷി ചേർന്ന സംസ്ഥാന വനിതാ കമ്മിഷനും സിനിമാ മേഖലയിലെ വനിതകളുടെ സ്വതന്ത്ര സംഘടനയായ "വിമൻ ഇൻ സിനിമ കലക്റ്റീവും' ആവശ്യപ്പെട്ടു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സംസ്ഥാന സാംസ്കാരിക വകുപ്പും വിവരാവകാശ കമ്മിഷനും കോടതിയിൽ സ്വീകരിച്ചത്. ഇതു കോടതി അംഗീകരിക്കുകയായിരുന്നു. ഇനി റിപ്പോർട്ടിലെ വ്യക്തികളുടെ പേരുകളുള്ള ചില പേജുകൾ ഒഴിവാക്കി ബാക്കിയുള്ളവ വൈകാതെ പുറത്തുവരുമെന്നാണു വിവരം.