
തിരുവനന്തപുരം: കടൽ മത്സ്യം കഴിക്കുന്നതിൽ പ്രശ്നമില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ചരക്ക് കപ്പൽ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വ്യാജ പ്രചാരണം എക്സ്പോർട്ടിങ് സ്ഥാപനങ്ങളെ ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസം നൽകുന്നത് സംബന്ധിച്ച് സർക്കാർ പരിശോധിക്കുമെന്നും കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ ചർച്ച നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.
കപ്പൽ അപകടവുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കും. ആശങ്ക ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ലെന്നും, നവമാധ്യമങ്ങളുടെ വ്യാജ പ്രചാരണം മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണെന്നും മന്ത്രി പറഞ്ഞു.
വ്യാജ പ്രചാരണങ്ങൾ നടത്തുന്ന പ്രമുഖ മാധ്യമങ്ങൾക്കെതിരേ കേന്ദ്രവുമായി ചർച്ച നടത്തി നടപടിയെടുക്കും. വ്യാജ പ്രചാരണത്തിനെതിരേ ക്യാംപെയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്നറുകൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ അപകടകരമായ കണ്ടെയ്നറുകളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.